ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം: കൊല്ലം സ്വദേശികളായ ആറ് പേര്‍ അറസ്റ്റിൽ

പ്രദീഷ് മോഹന്‍ദാസ്, സഞ്ജു എസ്, മഹേഷ് ലാല്‍, അമല്‍ ജെ കുമാര്‍, അഭിഷേക്, അഭയ് രാജ്
കോട്ടയം: പൊൻകുന്നത്ത് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നെടുമൺ കടുക്കോട് ഭാഗത്ത് കുരുണ്ടിവിള വീട്ടിൽ മോഹൻദാസ് മകൻ പ്രദീഷ് മോഹൻദാസ് (35), കൊല്ലം നെടുപന ഭാഗത്ത് കളയ്ക്കൽകിഴക്കേതിൽ വീട്ടിൽ സജീവ് മകൻ സഞ്ജു.എസ് (23), കൊല്ലം നെടുപന ഭാഗത്ത് മനു ഭവൻ വീട്ടിൽ മണിലാൽ മകൻ മഹേഷ് ലാൽ (24),  കൊല്ലം നെടുപന ഭാഗത്ത്  ശ്രീരാഗം വീട്ടിൽ വിജയൻ പിള്ള മകൻ അഭിഷേക് (23), കൊല്ലം നല്ലിള ഭാഗത്ത് മാവിള വീട്ടിൽ തമ്പി രാജൻ മകൻ അഭയ് രാജ് (23), കൊല്ലം നല്ലിള ഭാഗത്ത് അതുൽമന്ദിരം വീട്ടിൽ ജയകുമാർ മകൻ അമൽ ജെ കുമാർ (23) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇന്നലെ ഇളംകുളം ഭാഗത്ത് ഉള്ള ഹോട്ടലിൽ ജോലി ചെയ്യുന്ന മധു കുമാർ എന്നയാളെയാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. മധുകുമാർ സപ്ലയർ ആയി ജോലി ചെയ്യുന്ന ഹോട്ടലിൽ ഇവർ ഇന്നലെ ഉച്ചയോടു കൂടി ഭക്ഷണം കഴിച്ചതിനുശേഷം പുറത്തിറങ്ങി വീണ്ടും ഹോട്ടലിൽ കയറി ഊണിന് കറിയായി നൽകിയ മീനിന്‍റെ വലിപ്പം കുറവാണെന്നും, കറിയിലെ ചാറ് കുറഞ്ഞുപോയി എന്നും പറഞ്ഞുകൊണ്ട്  മധു കുമാറിനെ ചീത്ത വിളിക്കുകയും, മർദിക്കുകയും കരിങ്കല്ലു കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് എൻ, എസ്.ഐ മാരായ റെജിലാൽ കെ.ആർ, അംസു പി.എസ്, സി.പി.ഓ  വിനീത് ആർ. നായർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.