വീട്ടമ്മയെ താമസസ്ഥലത്ത് കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: ഗാന്ധിനഗറിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വട്ടമുകൾ ഭാഗത്ത്  വട്ടമുകൾ വീട്ടിൽ ജയൻ മകൻ ജയേഷ് (22) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വീട്ടമ്മയുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മേച്ചിൽ ഓട് കൊണ്ട് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. മുന്‍പ് വീട്ടമ്മ ഇയാളുടെ പേരിൽ പോലീസിൽ കേസ് കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്.

വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ., സി.പി.ഓ മാരായ പ്രവീണോ, സെബാസ്റ്റ്യൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ജയേഷ് ഗാന്ധിനഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്ക് ഈ സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.