വയോധികയുടെ വസ്തു തട്ടിയെടുത്ത കൗൺസിലറെ സിപിഎം സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികയെ കബളിപ്പിച്ച് വസ്തു തട്ടിയെടുത്തു എന്ന സംഭവത്തിൽ ആരോപണവിധേയനായ കൗൺസിലറെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. തവരവിള വാർഡ് കൗൺസിലർ സുജിനെതിരെയാണ് സിപിഎം പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.
തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ പരിചയപ്പെട്ട തവരവിള സ്വദേശിയായ ബേബി എന്ന വൃദ്ധമാതാവിന്റെ പന്ത്രണ്ടര സെന്റ് വസ്തുവും 17 പവൻ സ്വർണവും പണവും അപഹരിച്ചു എന്ന് ആരോപിച്ച് രംഗത്ത് എത്തിയതിൽ പ്രഥമ ദൃശ്യ കുറ്റം കണ്ടെത്തിയലായിരുന്നു നടപടി.
ബേബി മാരായമുട്ടം പോലീസിൽ പരാതി നൽകിയിരുന്നു. കൗൺസിലറുടെ രാജി ആവശ്യപ്പെട്ട നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു വരുന്നതിനിടെയാണ് പാർട്ടിയുടെ നടപടി.വൃദ്ധയെ സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടൊപ്പം വീട്ടില്‍ താമസിച്ചാണ് തട്ടിപ്പ് നടത്തിയത്.
ബേബിയെ തന്ത്രപരമായി നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിച്ച് പന്ത്രണ്ടര സെന്‍റ് ഭൂമി ഭാര്യ ഗീതുവിന്‍റെ പേരിലേക്ക് സുജിന്‍ എഴുതിമാറ്റിയെന്നും പരാതിയുണ്ട്. പല തവണയായി താമസിക്കുന്നതിനിടെ രണ്ടുലക്ഷം രൂപയും കൈക്കലാക്കി. പലതവണ സ്വര്‍ണവും ഭൂമിയും പണവും ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനല്‍കിയില്ല.