റയിൽവെയ്ക്ക് 2.4 ലക്ഷം കോടി: കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ; ഗതാഗതമേഖലയ്ക്ക് 75000 കോടി

ന്യുഡൽഹി:  റെയിൽവെയ്ക്ക് ഏക്കാലത്തെയും ഉയർന്ന വിഹിതം മാറ്റി വച്ച് 2023-24 ലെ സമ്പൂർണ കേന്ദ്ര ബജറ്റ്. 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി നിര്‍മ്മലാ സീതരാമന്‍ ബജറ്റിൽ വ്യക്തമാക്കി. വകയിരുത്തിയത് 2013-14 ലേക്കാൾ പത്തിരട്ടി തുക. രാജ്യത്ത് കൂടുതൽ വന്ദേഭാരത് ട്രെയിനുകളും അനുവദിച്ചത‍ായി ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. ഗതാഗത മേഖലയ്ക്ക് 75000 കോടിയും നഗരവികസനത്തിന് 10,000 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.

മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി

മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി. സഹകരണ സ്ഥാനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും, 6000 കോടി രൂപയുടെ അനുബന്ധ പദ്ധതികൾ നടപ്പിലാക്കും. ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് 3 വർഷത്തേക്ക് 10,000 കോടി രൂപ മാറ്റി വയ്ക്കും. മൂന്ന് വർഷത്തിനുള്ളിൽ‌ ഈ പദ്ധതികൾ നടപ്പിലാക്കുമെന്നും  ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

157 നഴ്സിങ്ങ് കോളജുകൾ സ്ഥാപിക്കും

ആരോഗ്യമേഖലയുടെ വികസനത്തിന്‍റെ ഭാഗമായി നിലവിലെ 157 മെഡിക്കൽ കോളെജുകൾക്ക് അനുബന്ധമായി 157 നഴ്സിങ്ങ് കോളജുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. 2047 ഓടെ പൂർണമായും അരിവാൾ രോഗം നിർമ്മാർജനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. പി.എം ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്തി നിർമല സീതാരാമന്‍. എല്ലാ അന്ത്യാദയ ഗുണഭോക്താക്കൾക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിനായി വരുന്ന 2 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

വനിതകൾക്കും പെൺകുട്ടികൾക്കും നിക്ഷേപ പദ്ധതി

വനിതകൾക്കും പെൺകുട്ടികൾക്കും പുതിയ നിക്ഷേപ പദ്ധതി ധനമന്ത്രി ബജറ്റിൽ അവതരിപ്പിച്ചു. ഇവർക്ക് സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റുവഴി 2 ലക്ഷം രൂപയുടെ നിക്ഷേപം വരെ നടത്താം. ഇതിന് 2 വർഷത്തേക്ക് 7.5% പലിശ ലഭിക്കുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി.

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് 900 കോടി

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് 900 കോടി അനുവദിക്കും,ചെറുകിട സ്ഥാപനങ്ങൾക്ക് 1 % പലിശയാക്കി കുറയ്ക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. കോസ്റ്റൽ ഷിപ്പിങ്ങ് പ്രോത്സാഹിപ്പിക്കും. സംസ്ഥാനങ്ങളുടെ പഴയ വാഹനങ്ങൾ മാറുന്നതിനും ആബുലൻസ് മാറ്റുന്നതിനും സഹായം അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.

യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിവിധ വിഷയങ്ങളിലായുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖം ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സ്വർണം, വെള്ളി എന്നിവയുടെ വില വർധിക്കും

കേന്ദ്രബജറ്റിൽ നികുതിയിൽ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷങ്ങളിൽ സ്വർണം, വെള്ളി എന്നിവയുടെ വില വർധിക്കും. മൊബൈൽ ഫോണുകളുടെ വില കുറയും. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു.  ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് 3 വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.
വില കൂടുന്നവ: സ്വർണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം…
വില കുറയുന്നവ: മൊബൈൽ ഫോൺ, ടിവി, ക്യാമറ ലെന്‍സ്, കംപ്രസ്ഡ് ബയോ ഗ്യാസ്, ലിഥിയം ബാറ്ററി, ഹീറ്റിംഗ് കോയിൽ, ഇലകട്രിക്ക് വാഹനങ്ങളുടെ ബാറ്ററി
ഗ്രാമീണ മേഖലയ്ക്കായി കാര്‍ഷിക സ്റ്റാര്‍ട് അപ്പുകള്‍
ഗ്രാമീണ മേഖലയിലെ കാർഷിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അഗ്രി കൾച്ചർ ആക്സിലറേറ്റർ ഫണ്ട് സ്ഥാപിക്കുമെന്ന് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ. 2200 കോടി രൂപ ചിലവിൽ ആത്മ നിർഭർ ഭാരത് ക്ലീൻ പാന്‍റ് പദ്ധതി തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
കണ്ടൽ കാടുകളുടെ സംരക്ഷണത്തിനായി മിഷ്ടി പദ്ധതി ആരംഭിക്കുമെന്നും തണ്ണീർതട വികസനത്തിനായി അമൃത് ദരോഹർ പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൂടാതെ 10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്‍റർ സ്ഥാപിക്കാനും ബജറ്റിൽ പറയുന്നു. ഹരിതോർജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന്‍റെ ഭാഗമായി 19700 കോടി രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി പിഎം പ്രണാം പദ്ധതിക്കും തുടക്കമിടുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
35,000 കോടിയുടെ ഊർജ വിതരണ പദ്ധതികൾ
ഇന്ത്യ ഊർജ മേഖല‍യിൽ സ്വയം പര്യാപ്തത നേടുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി. ഇതിനായി 35,000 കോടി രൂപയുടെ ഊർജ വിതരണ പദ്ധതിയാണ് നടപ്പിലാക്കുക, സംസ്ഥാനാന്തര ഊർജ വിതരണത്തിന് 22,800 കോടിയുടെ പദ്ധതി നടപ്പിലാക്കും. ഊർജ സംരക്ഷണത്തിനായി പെട്രോളിയം മന്ത്രാലയം 35000 കോടി രുപ മൂലധന നിക്ഷപം നൽകിക്കൊണ്ട് മുന്‍ഗണനാ ഊർജ പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കും.
5ജി സേവനം വ്യാപകരമാക്കുമെന്നും 5ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും. പുതിയ അവസരങ്ങൾ, ബിസിനസ്സ് മോഡലുകൾ, തൊഴിൽ സാധ്യതകൾ, ലാബുകൾ, സ്മാർട്ട് ക്ലാസ്റൂമുകൾ, പ്രിസിഷൻ ഫാമിംഗ്, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ് & ഹെൽത്ത്‌കെയർ തുടങ്ങിയ ആപ്പുകൾ ഇതിൽ ഉൾപ്പെടുന്നതാണ്. രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ‘മേക്ക് എഐ ഫോര്‍ ഇന്ത്യ’, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ’ എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി 3 കേന്ദ്രങ്ങള്‍ സ്ഥാപിക്കും. 5ജി സാങ്കേതിക വിദ്യാ വികാസത്തിന് വേണ്ടി വിവിധ എഞ്ചിനീയറിങ് കോളെജുകളിലായി 100 5ജി ലാബുകള്‍ക്ക് തുടക്കമിടും.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനായി മികവിന്‍റെ കേന്ദ്രങ്ങള്‍
രാജ്യത്തെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി മികവിന്‍റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. വരും കാലത്തില്‍ നിര്‍മിത ബുദ്ധിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണു തീരുമാനം. മേക്ക് എഐ ഇന്‍ ഇന്ത്യ, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ എന്ന വിഷന്‍ യാഥാര്‍ഥ്യമാക്കുന്നതിനായി മൂന്ന് സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കാനാണു തീരുമാനമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ കൃഷി, ആരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ വികസനം നേടിയെടുക്കാന്‍ ഈ കേന്ദ്രങ്ങള്‍ വഴി സാധിക്കും. ഇതിനായി ഈ രംഗത്തെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഗവേഷണങ്ങളും ഈ മികവിന്‍റെ കേന്ദ്രങ്ങളില്‍ നടക്കും.