യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പത്തംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ച് പത്തംഗ സംഘം. പൂവ്വച്ചൽ ഉണ്ടപ്പാറ സ്വദേശി ഫറൂഖിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ബൈക്കിലെത്തിയ പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. ഫറൂഖിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ശേഷം ആക്രമിക്കുകയായിരുന്നു.
ഫറൂഖിന്‍റെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമ സംഘം കടന്നുകളയുകയായിരുന്നു. ഫറൂഖിനെ ആക്രമിക്കാനുപയോഗിച്ച വടിവാൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. അക്രമസംഘം ഉപേക്ഷിച്ച ബൈക്കും കണ്ടെടുത്തിട്ടുണ്ട്. വടിവാളും വടികൊണ്ടുമായിരുന്നു ആക്രമണം. പരിക്കേറ്റ ഫറൂഖിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണെന്നാണ് സൂചന.