മിനുട്ടുകളുടെ വ്യത്യാസത്തില്‍ രാജ്യത്ത് മൂന്ന് വിമാന അപകടങ്ങൾ; ഒരു പൈലറ്റ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: മിനുട്ടുകളുടെ വ്യത്യാസത്തിലാണ് രാജ്യത്ത് മൂന്ന് വിമാന അപകടങ്ങൾ സംഭവിച്ചത്. രാജസ്ഥാനിലെ ഭരത്പൂരിൽ ഒരു വിമാനവും മധ്യപ്രദേശിൽ രണ്ട് യുദ്ധ വിമാനങ്ങളുമാണ് അപകടത്തിൽപെട്ടത്. സാങ്കേതിക തകരാറാണ് രാജസ്ഥാനിലെ അപകടത്തിന് കാരണമെന്നാണ് സൂചന. പൈലറ്റിനെ കുറിച്ച് ഇതുവരെ യാതൊരു വിവരും ലഭിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.
മധ്യപ്രദേശിൽ സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് തകർന്നുവീണത്. സുഖോയ് -30 ന് അപകടം നടന്ന ഉടനെ കണ്ടെത്താനായി. പൈലറ്റുമാരെ കൃത്യസമയത്ത് പുറത്തെടുക്കുകയും വിമാനം  കണ്ടെത്തുകയും ചെയ്തതായി പോലീസ് സൂപ്രണ്ട് അശുതോഷ് ബാഗ്രി പറഞ്ഞു.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഖോയ് -30 ൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്.
മിറാഷ് 2000 ൽ ഒരു പൈലറ്റാണ് ഉണ്ടായിരുന്നത്. മിറാഷിലെ പൈലറ്റ് കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുൾ. അപകടത്തെ കുറിച്ച് ഐഎഎഫ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 10 നും 10.15 നും ഇടയിലാണ് ഭരത്പൂരിൽ വിമാനം തകർന്നുവീണത്. ചാർട്ടേർഡ് വിമാനമാണ് അപകടത്തിൽപെട്ടതെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. അധികൃതർ അപകടസ്ഥലത്ത് എത്തിയതിനു ശേഷമാണ് ഐഎഎഫ് ജെറ്റാണ് തകർന്നതെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ രാജസ്ഥാനിൽ തകർന്നത് തങ്ങളുടെ വിമാനമല്ലെന്നാണ് എയർ ഫോഴ്സ് വ്യക്തമാക്കിയത്. ‌‌