മണിമലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കോട്ടയം: മണിമലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല പതാലിപ്ലാവ് ഭാഗത്ത് താന്നുവേലിൽ വീട്ടിൽ ആന്റണി മകൻ  സെബിൻ ആന്റണി  (31) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 21 – ആം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മണിമല പതാലിപ്ലാവ് ഭാഗത്ത് വച്ച്  ഇയാളുടെ സുഹൃത്തായ അനീഷ് എന്നയാളുമായി വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇയാള്‍ തന്റെ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട്  അനീഷിനെ കുത്തുകയുമായിരുന്നു.
ശേഷം സംഭവ സ്ഥലത്തുനിന്നും പ്രതി കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക്  മുണ്ടക്കയം സ്റ്റേഷനിൽ മറ്റൊരു വധശ്രമ കേസ് നിലവിലുണ്ട്.മണിമല സ്റ്റേഷൻ എസ്.എച്ച്. ഓ ഷാജിമോൻ.ബി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.