ഭർത്താവ് വീട്ടിൽനിന്നും മാറിയ 25 മിനിട്ടിനുള്ളിൽ കുട്ടികളെ കൊന്ന് ആത്‍മഹത്യക്ക് ശ്രമിച്ച് യുവതി

ബോസ്റ്റൻ: ഭർത്താവ് വീട്ടിൽനിന്നും മാറിനിന്ന 25 മിനിട്ടിനുള്ളിൽ രണ്ടു കുട്ടികളെ കൊന്ന് ആത്‍മഹത്യക്ക് ശ്രമിച്ച് യുവതി. മസാച്യുസിറ്റ്സിലെ ഡക്സ്ബറി എന്ന പ്രദേശത്താണ് സംഭവം. അതിതീവ്ര വിഷാദരോഗിയായ അമ്മ തന്റെ മൂന്ന് മക്കളില്‍ രണ്ടുപേരെ കഴുത്തു ഞെരിച്ച്‌ കൊന്നു. ഏഴുമാസം മാത്രം പ്രായമുള്ള മൂന്നാമത്തെ കുഞ്ഞിനെയും കൊല്ലാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു.

സംഭവത്തെ തുടര്‍ന്ന് ലിന്‍ഡ്‌സേ ക്ലാന്‍സി എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ലിന്‍ഡ്‌സേയുടെ ഈ മാനസികാവസ്ഥ മൂലം ഭര്‍ത്താവ് പാട്രിക് ഏറെക്കാലമായി വീട്ടിലിരുന്നു തന്നെ ജോലി ചെയ്തു വരികയായിരുന്നു. സംഭവം നടന്ന ദിവസം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാങ്ങുന്നതിനായി 25 മിനിറ്റ് നേരം പാട്രിക് പുറത്തുപോയിരുന്നു. ഈ സമയത്താണ് ലിന്‍ഡ്‌സേ മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ചത്.

രണ്ടാം നിലയിലെ ജനലില്‍ നിന്നു താഴേക്ക് ചാടി അബോധാവസ്ഥയില്‍ കിടക്കുന്ന ലിന്‍ഡ്‌സേയെയാണ് തിരികെയെത്തിയ പാട്രിക് കണ്ടത്. തുടര്‍ന്ന് മൂന്ന് മക്കളെയും ശ്വാസം മുട്ടിയതിനെത്തുടര്‍ന്ന് അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തി. അടിയന്തര സര്‍വീസിനെ വിളിച്ച്‌ ഉടന്‍തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇളയ കുഞ്ഞിനെ മാത്രമേ ജീവനോടെ രക്ഷിക്കാന്‍ സാധിച്ചുള്ളൂ. ആശുപത്രിയില്‍ കഴിയുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ കൊലക്കുറ്റവും വധശ്രമവും ചുമത്തി കോടതിക്കു മുന്‍പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.