ഭാര്യ എടുത്ത വീഡിയോ കുടുക്കായി; വയോധികയെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ

 

കോട്ടയം: പാമ്പാടിയിൽ വൃദ്ധയായ മാതാവിനെ ആക്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മീനടം മാത്തുപ്പടി ഭാഗത്ത് തെക്കയിൽ വീട്ടിൽ  തോമസ് മകൻ കൊച്ചുമോൻ എന്ന വർഗീസ് തോമസ് (49) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട്  തന്റെ അമ്മയായ  മറിയാമ്മ തോമസിനെ(93) അവർ താമസിക്കുന്ന വീട്ടിൽ ചെന്ന് ചീത്ത വിളിക്കുകയും, കൈകൊണ്ട് മുഖത്തിന് അടിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയുമായിരുന്നു. മാതാവിന്‍റെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
മദ്യത്തിന് അടിമയായ കൊച്ചുമോൻ വീട്ടിൽ സ്ഥിരമായി മാതാവിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ടിട്ടും ഇയാൾ മർദനം തുടർന്നുകൊണ്ടിരുന്നു. ഇന്നലെ വീണ്ടും മാതാവിനെ മർദിക്കുന്ന സമയത്ത് കൊച്ചുമോന്‍റെ ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയക്കുകയായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ,  എസ്.ഐ അംഗദൻ, കൊളിൻസ്, സി.പി.ഓ ദയാലു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോൻ ( 48 ) ആണ് അറസ്റ്റിലായത്.