പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികള്‍ പിടിയിൽ

കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികള്‍ പിടിയിൽ. എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ നിഖിൽ, ശ്രേയ എന്നിവരാണ് പിടിയിലായത്. കർണ്ണാടകയിലെ കർക്കലയിൽ നിന്നാണ് പനങ്ങാട് പൊലീസ് പ്രതികളെ പിടികൂടിയത്. 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയും ഇവരുടെയടുത്ത് നിന്ന് കണ്ടെടുത്തു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ചേര്‍ന്ന് നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്ന് 20,000 രൂപ വിലയുള്ള നായക്കുട്ടിയെ ഹെല്‍മറ്റില്‍ ഒളിപ്പിച്ച് കടത്തിയത്. 45 ദിവസം മാത്രം പ്രായമുള്ള നായ്ക്കുട്ടി കാര്യമായി ശബ്ദമുണ്ടാക്കാതിരുന്നതിനാൽ മോഷണം ആദ്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് സിസിടിവി നോക്കിയാണ് മോഷണം ഉറപ്പിച്ചത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പില്‍ നിന്ന് ഇവർ നായ്ക്കുട്ടിയ്ക്കുള്ള തീറ്റയും മോഷ്ടിച്ച് കടന്നതായി കണ്ടെത്തി. മറ്റൊരു കടയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ ഉടമ വന്നതിനാൽ 115 രൂപ ഗൂഗിൾ പേ ചെയ്ത് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.