പിണങ്ങിപ്പോയ ഭാര്യയെ തുണിക്കടയില്‍ കയറി കൊല്ലാന്‍ ശ്രമം: ഭര്‍ത്താവും സുഹൃത്തും പിടിയില്‍

കൊല്ലം: കുടുംബകലഹത്തെ തുടര്‍ന്ന് പിണങ്ങിപ്പോയ ഭാര്യയെ ജോലിചെയ്യുന്ന തുണിക്കടയില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവും സുഹൃത്തും പിടിയില്‍. കേസില്‍ യുവതിയുടെ ഭര്‍ത്താവ് ചാത്തിനാംകുളം ദുര്‍ഗാ നഗര്‍ വിഷ്ണുഭവനത്തില്‍ ബിനു (45) ഇയാളുടെ സുഹൃത്ത് ചാത്തിനാംകുളം മംഗലത്തുവീട്ടില്‍ ശിവപ്രസാദ് (42)എന്നിവരാണ് അറസ്റ്റിലായത്.
ബിനുവുമായി പിണങ്ങിയ യുവതി കുട്ടികളോടൊപ്പം സ്വന്തം വീട്ടിലാണ് താമസം. യുവതി ജോലിചെയ്യുന്ന മൂന്നാംകുറ്റിയിലെ തുണിക്കടയില്‍ സുഹൃത്തുമായി എത്തിയ ബിനു ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടാക്കിയശേഷം ഉളി ഉപയോഗിച്ച് കഴുത്തിനു കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ഗിരീഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സുഖേഷ്, സജിത് എന്നിവരടങ്ങിയ സംഘം പ്രതികളെ മൂന്നാംകുറ്റി ജങ്ഷനില്‍നിന്നാണ് പിടികൂടിയത്.