പാര്‍ക്കിംഗിനെ ചൊല്ലി മുക്കം എംഇഎസ് കോളേജില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു

കോഴിക്കോട്: മുക്കം കളന്തോട് എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളും സമീപവാസികളില്‍ ചിലരുമായി സംഘര്‍ഷം. വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനാണ് കൈക്ക് വെട്ടേറ്റത്. പത്ത് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മുക്കത്തെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. സംഭവത്തെകുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. എം ഇ എസ് കോളേജ് വിദ്യാര്‍ത്ഥികള്‍ സമീപത്തെ വീട്ടില്‍ ഭക്ഷണം കഴിക്കാനായി എത്തിയ സമയത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ മാറ്റണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി തര്‍ക്കം മുറുകിയതോടെ  വിദ്യാര്‍ത്ഥികളെ ഇവര്‍ കയ്യേറ്റം ചെയ്തതായാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ  ആയുധങ്ങളുമായെത്തിയ ചിലര്‍ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.