നഗ്നനായി എത്തി കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ വിഗ്രഹം തകർത്തു; പ്രതി പിടിയിൽ

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര വളപ്പിലെ വിഗ്രഹവും ദീപസ്തംഭവും തകർത്ത നിലയിൽ. തെക്കെ നടയിൽ പഴയ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള കുരുംബയമ്മയുടെ ക്ഷേത്രത്തിന് നേരെ ഇന്ന് പുലർച്ചെ നാലരയോടെയാണ് ആക്രമണം ഉണ്ടായത്. മാനസിക വിഭ്രാന്തിയുള്ള ആളാണ് ആക്രമണം നടത്തിയത്. അക്രമം നടത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി രാമചന്ദ്രനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. നഗ്നനായി വന്ന് വിഗ്രഹം തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് താലൂക്ക് തല ഹർത്താൽ ആചരിക്കുകയാണ്. ക്ഷേത്രത്തിന്‍റെ സ്റ്റെയിൻ ലെസ് സ്റ്റീൽ കൊണ്ടുള്ള വാതിലിന്‍റെ താഴ് തകർത്ത് അകത്തു കയറിയ അക്രമി ഇരുമ്പ് ദണ്ഡ് കൊണ്ട് കരിങ്കൽ വിഗ്രഹവും, ദീപസ്തംഭവും അടിച്ചു തകർക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ക്ഷേത്രത്തിനകത്ത് ഇരിക്കുകയായിരുന്ന അക്രമി പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.