തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും 1.072 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. തിരുവല്ല കുറ്റപ്പുഴ ഞക്കുവള്ളി പുത്തൻ പറമ്പിൽ വീട്ടിൽ ബാബുവിന്റെ മകൻ അഖിൽ ബാബു (22) ആണ്, ഡാൻസാഫ് സംഘത്തിന്റെ നിരന്തര നിരീക്ഷണത്തിനൊടുവിൽ കുടുങ്ങിയത്.   ആന്ധ്രയിൽ നിന്നും  ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്ക് ഉദ്ദേശിച്ച് ട്രെയിനിൽ എത്തിച്ചതാണ് കഞ്ചാവെന്ന് യുവാവ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യസന്ദേശം ഡാൻസാഫ് സംഘത്തെ അറിയിച്ചതിനെതുടർന്നാണ് നടപടി. ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു യുവാവ്. ഇയാൾക്കൊപ്പം കൂട്ടാളികളുണ്ടോ എന്ന് തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ  വിദ്യാധരൻ്റെ മേൽനോട്ടത്തിൽ ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ചെറിയ അളവുകളിലുള്ള പൊതികളാക്കി ജില്ലയിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്പന നടത്താറുണ്ടെന്ന് പ്രതി സമ്മതിച്ചു.
തിരുവല്ല പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദ്, ഡാൻസാഫ്  എസ് ഐ അജി സാമൂവൽ , തിരുവല്ല എസ് ഐമാരായ അനീഷ് എബ്രഹാം, നിത്യ സത്യൻ, സ്റ്റേഷൻ സി പി ഒ മാരായ അവിനാഷ്, ജയകുമാർ, രാജേഷ്, ജോജോ, ജയ എന്നിവരും ഡാൻസാഫ് എ എസ് ഐ അജികുമാർ, സി പി ഓമാരായ സുജിത്, മിഥുൻ, ബിനു, അഖിൽ, ശ്രീരാജ്, ഹരീഷ്, നർകോട്ടിക് സെൽ എ എസ് ഐ മുജീബ് റഹ്മാൻ, സി പി ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് നടപടികളിൽ പങ്കെടുത്തത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.