ട്രയിനില്‍ കയറിയ യാത്രക്കാരെ വരവേറ്റ് ഉപയോഗിച്ച ‘കോണ്ടം’; അന്വേഷണവുമായി റയില്‍വേ

മുംബൈ: അനാശാസ്യപ്രവര്‍ത്തനങ്ങള്‍ ഏറെ നടക്കുന്ന ഒരു സ്ഥലമായി മാറി രാജ്യത്തെ റയില്‍വേ സ്റ്റേഷനുകളും ട്രയിനുകളും.  ഇപ്പോള്‍ യാത്രയ്ക്കായി ലോക്കൽ ട്രെയിനിൽ കയറിയ യാത്രക്കാരെ ഉപയോഗിച്ച കോണ്ടം വരവേറ്റത് വിവാദമായിരിക്കുകയാണ്. സീറ്റില്‍ ഇരിക്കാനായി തുനിഞ്ഞപ്പോഴാണ് ഉപയോഗശേഷം കെട്ടിമുറുക്കിയ നിലയില്‍ സീറ്റില്‍ കിടക്കുന്ന കോണ്ടം യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഈ കാഴ്ച സോഷ്യൽ മീഡിയയിലും ചര്‍ച്ചയായി.
മുംബൈ അംബർനാഥ് സ്ലോ ലോക്കൽ ട്രെയിനിലാണ് സംഭവം. കോണ്ടത്തിനൊപ്പം ഒരു തൂവാലയുമുണ്ട്. ആളില്ലാത്ത അവസരം വന്നാൽ ട്രെയിനിൽ ആർക്കും കേറി എന്തും കാട്ടാമോ എന്ന ചോദ്യവുമായി ക്ഷുഭിതരായ യാത്രക്കാർ അധികാരികള്‍ക്ക് പരാതി നല്‍കി. യാത്ര ചെയ്തവരാണോ, നിർത്തിയിട്ടപ്പോൾ മാറ്ററെങ്കിലും കടന്നു കയറി കാട്ടിക്കൂട്ടിയതാണോ എന്ന് വ്യക്തമല്ല. സെൻട്രൽ റെയിൽവേ ഡിവിഷണൽ റെയിൽവേ മാനേജർ നടപടിക്ക് നിർദ്ദേശം നൽകി. മുംബൈ ആർ.പി.എഫിനാണ് അന്വേഷണചുമതല.