കൊല്ലത്ത് ജീവനൊടുക്കിയ 21കാരന്‍റെ മൃതദേഹവുമായി ബന്ധുക്കൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു

കൊല്ലം: ചവറയിൽ 21കാരൻ ആത്മഹത്യ ചെയ്തത് പോലീസ് പീഡനം മൂലമാണെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കൾ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ചവറ സ്വദേശി അശ്വന്താണ് ഇന്ന് പുലർച്ചെ മരിച്ചത്. അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
അന്വേഷണമെന്ന പേരിൽ അശ്വന്തിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിച്ചു എന്ന് അമ്മ പറഞ്ഞു.മൂന്ന് വർഷത്തിലേറെയായ അശ്വന്ത് പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായി പ്രണയത്തിലായിരുന്നു. അശ്വന്ത് മകളെ ശല്യം ചെയ്യുന്നു എന്ന് ഉദ്യോഗസ്ഥൻ ചവറ സ്റ്റേഷനിൽ പരാതിപ്പെട്ടു. തുടർന്ന് അന്വേഷണത്തിന്റെ പേരിൽ പൊലീസ് സ്റ്റേഷനിലേക്ക് അശ്വന്തിനെ വിളിച്ചിരുന്നു.
രണ്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അശ്വന്തിനെ മടക്കിയയച്ചത്. രാത്രി 10.30 ന് വീട്ടിലെത്തിയ അശ്വന്തിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അശ്വന്ത് സ്റ്റേഷനിൽ ഉള്ള സമയത്ത് വീട്ടിലായിരുന്ന പെൺകുട്ടിയും ഞരമ്പ് മുറിച്ചു.പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് മുൻപും ഭീഷണി ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു.
മൃതദേഹവുമായി രണ്ടുമണിക്കൂറോളം ബന്ധുക്കൾ സ്റ്റേഷൻ ഉപരോധിച്ചു. അന്വേഷത്തിന്റെ ഭാഗമായി ദക്ഷിണ മേഖല റേഞ്ച് ഐജി, കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എന്നിവർ കരുനാഗപ്പള്ളിയിൽ യോഗം ചേരും. പോലീസ് സ്റ്റേഷനിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം ആയിരിക്കും തുടർ നടപടി.