കോട്ടയം: കുമരകത്ത് അനധികൃതമായി വിദേശ പൗരന്മാരെ താമസിപ്പിച്ച റിസോർട്ടിനെതിരെ നടപടി സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള രഹസ്യന്വേഷണ വിഭാഗം റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് അനധികൃതമായി വിദേശ പൗരന്മാരെ താമസിപ്പിച്ചതായി കണ്ടെത്തിയത്. അതേസമയം, റിസോര്‍ട്ടിന്‍റെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
വിദേശ പൗരന്മാരെ താമസിപ്പിക്കുന്ന റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിദേശ പൗരന്മാരെ താമസിപ്പിക്കുമ്പോൾ അത്തരം സ്ഥാപനങ്ങൾ കൃത്യമായും 24 മണിക്കൂറിനകം ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് എന്ന സൈറ്റിൽ കയറി C ഫോം, മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളും സമർപ്പിക്കേണ്ടതാണ്. ഇത്തരം നടപടികൾ ചെയ്യാതെ വിദേശ പൗരന്മാരെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.