ഏറ്റുമാനൂർ പാറകണ്ടം ജംഗ്ഷൻ വികസനത്തിന് 16 ലക്ഷം – മന്ത്രി വി.എൻ. വാസവൻ

പട്ടിത്താനം - മണർകാട് ബൈപാസിൽ പാറകണ്ടത്ത് സിഗ്നൽ സ്ഥാപിച്ചു

ഏറ്റുമാനൂർ : പട്ടിത്താനം – മണർകാട് ബൈപാസിലെ ഏറ്റുമാനൂർ പാറകണ്ടം ജംഗ്ഷൻ വികസനത്തിന് 16 ലക്ഷം രൂപ സർക്കാർ അനുവദിച്ചതായി സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പട്ടിത്താനം – മണർകാട് ബൈപാസിൽ പാറകണ്ടത്ത് 16.37 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച സോളാർ സിഗ്നൽ ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പാറക്കണ്ടം ജംഗ്ഷനിലെ ടാറിങ് ഇല്ലാത്ത സ്ഥലങ്ങളിൽ ടാറിംഗ് നടത്തി വീതി കൂട്ടും. ജംഗ്ഷൻ മനോഹരമാക്കും. സിഗ്നൽ ലൈറ്റുകൾക്കൊപ്പം തവളക്കുഴി ജംഗ്ഷനിൽ ബ്ലിംങ്കർ ലൈറ്റ് സ്ഥാപിക്കും. ബൈപാസിൽ സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് എടുത്തു. ഇതിനായി റോഡ് സുരക്ഷാ അതോറിറ്റിയിൽനിന്ന് 96 ലക്ഷം രൂപ അവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റുമാനൂർ നഗരത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ടെണ്ടർ നടപടികൾ പൊലീസ് പൂർത്തീകരിച്ചിട്ടുണ്ട്.
കാമറകളുടെ രണ്ടുവർഷത്തെ പരിപാലനത്തിനുള്ള നടപടി നഗരസഭ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ഡോ. എസ്. ബീന, ജേക്കബ് പി. മാണി, അജിത ഷാജി, രശ്മി ശ്യാം, ജോണി വർഗീസ്, പി.എസ്. വിശ്വനാഥൻ, ടോമി പുളിമാൻതുണ്ടം, മഞ്ജു അലോഷ്, പ്രീതി രാജേഷ്, പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, എന്നിവർ പങ്കെടുത്തു.
നാൽക്കവലയായ പാറകണ്ടത്ത് നാലുവശത്തും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ദൂരക്കാഴ്ച ലഭിക്കുന്ന വ്യക്തത ഉറപ്പു വരുത്തിയാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. പാലാ-ഏറ്റുമാനൂർ റോഡിലെ ബൈപാസിലെയും തിരക്കനുസരിച്ചാണ് സിഗ്നൽ സമയക്രമീകരണം ഏർപ്പെടുത്തുക. ഒരാഴ്ച എൻജിനീയർമാർ റോഡിലെ വാഹനങ്ങളുടെ എണ്ണവും സമയവും നിർണയിച്ച് ക്രമീകരണങ്ങൾ വരുത്തും.
ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിയുടെ മേൽനോട്ടത്തിൽ കെൽട്രോണാണു സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിച്ചത്. നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്ററിന്റെ (നാറ്റ്പാക്) പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിഗ്നൽ സ്ഥാപിച്ചത്. റോഡ് സുരക്ഷാഫണ്ടിൽനിന്നാണ് പണം അനുവദിച്ചത്.