ഏറ്റുമാനൂർ നഗരം ഇനി നിരീക്ഷണക്യാമറാവലയത്തിൽ; പ്രവർത്തനോദ്ഘാടനം നാളെ

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരം ഇനി നിരീക്ഷണക്യാമറാ വലയത്തിൽ. മന്ത്രി വി.എൻ. വാസവന്‍റെ പ്രത്യേക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം നാളെ ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് നടക്കും. ഏറ്റുമാനൂർ ടൗണിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തോമസ് ചാഴികാടൻ എം.പി. അധ്യക്ഷനായിരിക്കും.
ജില്ലാകളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, കോട്ടയം അഡീഷണൽ എസ്.പി. ഷാജു പോൾ, വനം വികസന കോർപറേഷൻ അധ്യക്ഷ ലതികാ സുഭാഷ്, ഏറ്റുമാനൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.ആർ. ജ്യോതി, ഏറ്റുമാനൂർ നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, രശ്മി ശ്യാം, കോട്ടയം ഡിവൈ.എസ്.പി. കെ.ജി. അനീഷ് തുടങ്ങിയവർ പ്രസംഗിക്കും.