ഏറ്റുമാനൂര്‍ ക്ഷേത്രം ഉപദേശക സമിതി തിരഞ്ഞെടുപ്പ്; വോട്ടേഴ്സ് ലിസ്റ്റ് വിവാദത്തില്‍

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉപദേശകസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി രജിസ്ട്രേഡ് മണ്ഡലം രൂപീകരിക്കുന്നതിന് തയ്യാറാക്കിയ ലിസ്റ്റ് വിവാദമാകുന്നു. ചില സ്ഥാപിതതാല്‍പര്യങ്ങള്‍ മുന്നില്‍കണ്ട് ചില പ്രത്യേക ആളുകളെ തെരഞ്ഞുപിടിച്ച് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി മുന്‍ ഉപദേശകസമിതിയംഗം ഉള്‍പ്പെടെ ദേവസ്വം അധികൃതര്‍ക്ക് പരാതി നല്‍കി.

100 രൂപ കൊടുത്ത് അംഗത്വം എടുത്തവരുടെ ഒരു വോട്ടേഴ്സ് ലിസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. ക്രമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയും മറ്റും ലിസ്റ്റില്‍ നിന്നും മാറ്റിനിര്‍ത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ വിവരങ്ങള്‍ അംഗത്വത്തിനുള്ള അപേക്ഷയോടൊപ്പം സത്യവാങ്മൂലമായി സമര്‍പ്പിക്കുന്നുണ്ട്. ആദ്യം പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ 670 പേര്‍ അംഗങ്ങളായി ഉണ്ടായിരുന്നു. പിന്നീട് ഇവരില്‍ പതിനാറോളം പേരെ ഒഴിവാക്കി പുതിയ ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

ഇതോടെയാണ് പരാതി ഉയര്‍ന്നത്. അംഗത്വത്തിന് അപേക്ഷിച്ചപ്പോള്‍ എല്ലാവരോടും 100 രൂപ വീതം വാങ്ങി രസീത് നല്‍കിയിരുന്നു. 67,000 രൂപ ഈയിനത്തില്‍ ദേവസ്വം ബോര്‍ഡിന് പിരിഞ്ഞുകിട്ടുകയും ചെയ്തു. എന്നാല്‍ പണം വാങ്ങിയശേഷം ലിസ്റ്റില്‍നിന്ന് ഒഴിവാക്കും മുമ്പ് അപേക്ഷകരെ അറിയിക്കുകയോ അവരുടെ വാദം കേള്‍ക്കാന്‍ തയ്യാറാകുകയോ അധികൃതര്‍ തയ്യാറായില്ല എന്നാണ് ആക്ഷേപം. ലിസ്റ്റ് തയ്യാറാക്കാന്‍ ചുമതലപ്പെട്ട ഏറ്റുമാനൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ആരുടെയോ സമ്മര്‍ദ്ദപ്രകാരമാണ് പലരുടെയും പേരുകള്‍ വെട്ടിമാറ്റിയതെന്നും ആരേപണമുയര്‍ന്നിട്ടുണ്ട്.

ഈ വിവരങ്ങള്‍ കാട്ടി നാല് വര്‍ഷം മുമ്പ് ഉപദേശകസമിതി അംഗമായിരുന്ന കെ.എസ്.രഘുനാഥന്‍ നായര്‍ ദേവസ്വം പ്രസിഡന്‍റ്, കമ്മീഷണര്‍, ഡപ്യൂട്ടി കമ്മീഷണര്‍, വിജിലന്‍സ് മേധാവി തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഒഴിവാക്കപ്പെടുന്നവരുടെ വാദം കേട്ട ശേഷം ലിസ്റ്റ് പുനപ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി മറ്റ് ചില അപേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.