എറണാകുളത്ത് പട്ടാപ്പകൽ യുവതിയെ വെട്ടി; സംഭവം വിസ ഇടപാടിനെതുടര്‍ന്ന്

കൊച്ചി: എറണാകുളം രവിപുരത്ത് പട്ടാപ്പകൽ യുവതിയുടെ കഴുത്തിന് വെട്ടി. രവിപുരത്തെ റേയ്‌സ് ട്രാവൽസ് ബ്യൂറോയിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമണത്തിന് ഇരയായത്.പ്രതി പള്ളുരുത്തി സ്വദേശി ജോളിൻ ജെയിംസ് ആണ് പൊലീസ് പിടിയിലായത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിസയ്ക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് പ്രതി ജോളിൻ ജെയിംസും, രവിപുരത്തെ റെയ്‌സ് ട്രാവൽ ബ്യൂറോ ഉടമയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ട്രാവൽസ് ഉടമയെ തെരഞ്ഞെത്തിയ ജോളിൻ സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരി സൂര്യയെ കഴുത്തിന് കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവതി തൊട്ടടുത്ത ഹോട്ടലിലേക്ക് ഓടിക്കയറി
ട്രാവൽസ് ഉടമയെ കിട്ടാത്തതിനാലാണ് യുവതിയെ ആക്രമിച്ചതെന്ന് ജോളിൻ ഓടിക്കൂടിയവരോട് പറഞ്ഞു. തൊട്ടടുത്ത തേവര സ്റ്റേഷനിലെ പൊലീസുകാർ സ്ഥലത്തെത്തി യുവതിയെ ജനറൽ ആശുപത്രിയിലേക്കും, തുടർന്ന് മെഡിക്കൽ സെന്റർ ആശുപത്രിയിലേക്കും മാറ്റി. പ്രതി ജോളിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റ തൊടുപുഴ സ്വദേശിനി സൂര്യയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു