ആറ്റിങ്ങലിന് പിറകെ വൻ തട്ടിപ്പ് തിരുവല്ലയിലും; വാട്ടർ അതോറിറ്റി ഉദ്യോ​ഗസ്ഥർ തട്ടിയത് 13 ലക്ഷം

തിരുവല്ല: കേരളാ വാട്ടര്‍ അതോറിറ്റി ആറ്റിങ്ങല്‍ ഡിവിഷനില്‍ വ്യാജ ബില്ല് കൊടുത്ത് 22 ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതിന് പിന്നാലെ തിരുവല്ലയിലും ലക്ഷങ്ങളുടെ വെട്ടിപ്പ് കണ്ടെത്തി. 13 ലക്ഷം രൂപയാണ് മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റിന്‍റെ മറവില്‍ തിരുവല്ല വാട്ടര്‍ അതോറിറ്റി പിഎച്ച് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരടക്കം വ്യാജബില്ല് കൊടുത്ത് തട്ടിയെടുത്തത്.
വിവരാവകാശ നിയമപ്രകാരം ഒരു മാധ്യമത്തിനു കിട്ടിയ രേഖയിലാണ് തിരുവല്ല പിഎച്ച് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ 13 ലക്ഷം തട്ടിയെടുത്തതിന്‍റെ വിവരങ്ങളുള്ളത്. ആറ്റിങ്ങല്‍ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ 22 ലക്ഷം രൂപ തട്ടിയെടുത്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുകൊണ്ടുവന്നത്. തിരുവല്ലയിലും ടെക്നിക്കല്‍ അസിസ്റ്റന്‍റ്, റവന്യൂ ഓഫീസര്‍, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ തുടങ്ങി ഉയര്‍ന്ന പദവിയിലിരിക്കുന്നവര്‍ പണം തട്ടിയെടുത്തു.
ആറ്റിങ്ങലില്‍ മേലത്ത് ആയുര്‍ ക്ലിനിക്ക് എന്ന സ്ഥാപനത്തിന്‍റെ മറവിലാണ് ‍വ്യാജ ചികില്‍സാ ബില്ലുകള്‍ നല്‍കിയതെങ്കില്‍ തിരുവല്ലയില്‍ മൂന്ന് ആയൂര്‍വേദ സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. പള്ളിപ്പാടുള്ള ജികെ ആയുര്‍വേദിക് ഹോസ്പിറ്റലിന്‍റെ മറവില്‍ ഡോ. പി ജി പുരുഷോത്തമന്‍ പിള്ളയും ഓച്ചിറയിലുള്ള അശ്വിനി ആയുര്‍വേദിക് ഹോസ്പിറ്റലിന്‍റെ പേരില്‍ ഡോ. കെ ആര്‍ ചന്ദ്രമോഹനനും കൊല്ലം പെരിനാട് ഉള്ള കെപികെഎം ഫാര്‍മസിയുടെ പേരില്‍ ഡോക്ടര്‍ ജഗന്നാഥനും ആണ് ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടം പോലെ വ്യാജ ബില്ലുകള്‍ കൊടുത്തത്.
ഒരു മാസത്തിനുള്ളില്‍ പണം തിരികെ ഈടാക്കി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഫിനാന്‍സ് മാനേജര്‍ തിരുവല്ല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി.