ന്യൂയോര്‍ക്ക്: ഗൂഗിളിനും മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഇന്‍കിനുമെതിരെ നിയമ നടപടി ആരംഭിച്ച്അമേരിക്ക. ഓണ്‍ലൈന്‍ പരസ്യ വിപണിയിലെ ആധിപത്യത്തിനെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് ചൊവ്വാഴ്ച ഗൂഗിളിനെതിരെ കേസെടുത്തത്. പരസ്യദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും യുഎസ് ഗവണ്‍മെന്റിനും പോലും ദോഷകരമായരീതിയിലുള്ള ഓണ്‍ലൈന്‍ പരസ്യ വിപണിയിലെ ആധിപത്യം അവസാനിപ്പിക്കുന്നതിനായാണ് യു എസ് നീതിന്യായ വകുപ്പും എട്ട് സംസ്ഥാനങ്ങളും ചൊവ്വാഴ്ച ഗൂഗിളിനെതിരെ ആന്റിട്രസ്റ്റ് കേസ് ഫയല്‍ ചെയ്തത്.
അന്യായമായ മാര്‍ഗങ്ങളിലൂടെ ഓണ്‍ലൈന്‍ പരസ്യ വിപണിയിലെ എതിരാളികളെ ഇല്ലാതാക്കാൻ ഗൂഗിള്‍ ശ്രമിക്കുന്നുവെന്നും, പരസ്യദാതാക്കളെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം, കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വലിയ തോതില്‍ അനിയന്ത്രിതമായ വളര്‍ച്ച കൈവരിച്ച വന്‍കിട ടെക് കമ്പനികളെ നിയന്ത്രിക്കാന്‍ യുഎസ് നടത്തുന്ന പുതിയ നീക്കത്തിന്റെ ഭാഗമാണിതെന്നും റിപ്പോർട്ടുകളുണ്ട്.
‘നമ്മുടെ സമ്പദ്വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രമായ വിപണികളെ ഈ കുത്തകകള്‍ ഭീഷണിപ്പെടുത്തുന്നു. അവര്‍ മാറ്റങ്ങളെ അടിച്ചമര്‍ത്തുകയും, നിര്‍മ്മാതാക്കളെയും തൊഴിലാളികളെയും ദ്രോഹിക്കുകയും, ഉപഭോക്താക്കളുടെ ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു,’ അറ്റോര്‍ണി ജനറല്‍ മെറിക്ക് ഗാര്‍ലന്‍ഡ് ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗൂഗിളിനെതിരെ സര്‍ക്കാര്‍ നടപ്പിലാക്കിയ ഏറ്റവും പുതിയ നിയമനടപടിയാണ് ഈ കേസ്. എതിരാളികളെ ഒഴിവാക്കി ഓണ്‍ലൈനില്‍ പരസ്യങ്ങള്‍ നല്‍കുന്ന രീതി നിയമവിരുദ്ധമായി കമ്പനി കുത്തകയാക്കി വെച്ചിരിക്കുകയാണെന്ന് ഇതില്‍ വ്യക്തമാക്കുന്നുണ്ട്. മിക്ക പ്രമുഖ വെബ്സൈറ്റ് പബ്ലിഷേഴ്‌സും വില്‍പ്പനയ്ക്കായി അഡ്വര്‍റ്റൈസിംങ് സ്‌പേസ് വാഗ്ദാനം ചെയ്യുന്ന സാങ്കേതികവിദ്യയും അഡ്വര്‍റ്റൈസിംങ് സ്‌പേസ് വില്‍ക്കുമ്പോള്‍ പബ്ലിഷേഴ്‌സും പരസ്യദാതാക്കളും ഒരുമിച്ച് ചേരുന്ന ആഡ് എക്‌സ്‌ചേഞ്ചും ഗൂഗിളാണ് നിയന്ത്രിക്കുന്നതെന്ന് ഗാര്‍ലന്‍ഡ് പറഞ്ഞു.
നിലവില്‍ ഗൂഗിളിന്റെ മൊത്തം വരുമാനത്തിന്റെ 80 ശതമാനവും ഡിജിറ്റല്‍ പരസ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ ചെറിയ എതിരാളികള്‍ ഓണ്‍ലൈന്‍ പരസ്യ വിപണിയുടെ വലിയ ഭാഗങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ, ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്കും ഗൂഗിളിനും സമീപ വര്‍ഷങ്ങളില്‍ അതിന്റെ വിപണി വിഹിതത്തില്‍ ഇടിവ് നേരിട്ടു. ഇതിന് പുറമെ, പരസ്യദാതാക്കള്‍ ചെലവ് കുറയ്ക്കുകയും സാമ്പത്തിക മാന്ദ്യവും മൊത്തത്തിലുള്ള ഓണ്‍ലൈന്‍ പരസ്യ വിപണിയിലെ ഇടിവിന് കാരണമായിട്ടുണ്ട്.
അതേസമയം, 2021-ല്‍ യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന്റെ ഡിജിറ്റല്‍ പരസ്യത്തിലെ ആധിപത്യത്തെക്കുറിച്ച് ഒരു ആന്റിട്രസ്റ്റ് അന്വേഷണം ആരംഭിച്ചിരുന്നു. ഗൂഗിളും മെറ്റയും തമ്മിലുള്ള ഓണ്‍ലൈന്‍ ഡിസ്പ്ലേ പരസ്യ സേവനങ്ങള്‍ക്കായുള്ള കരാര്‍, ന്യായമായ മത്സരത്തിന്റെ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
അമേരിക്കയുടെ ഡിജിറ്റല്‍ പരസ്യ വിപണിയുടെ ഏതാണ്ട് 29 ശതമാനവും ഗൂഗിളാണ് കൈവശം വച്ചിരുക്കുന്നത്. അതായത് ഉപഭോക്താക്കള്‍ കമ്പ്യൂട്ടറുകളില്‍ കാണുന്ന എല്ലാ പരസ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിപണിയുടെ 20 ശതമാനത്തോളം ആധിപത്യം പുലര്‍ത്തി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ രണ്ടാമതാണ്.11 ശതമാനത്തിലധികം സ്വന്തമാക്കി ആമസോണ്‍ മൂന്നാമതാണ്.