25 November, 2021 06:41:54 PM


നാദാപുരം എസ്ഐയെ ഭീഷണിപ്പെടുത്തിയ ആള്‍ കണ്ണൂരില്‍ പൊലീസ് പിടിയില്‍



കണ്ണൂർ: നാദാപുരം കടമേരി ആക്രമണക്കേസിലെ മൂന്നാം പ്രതി സമിം അറസ്റ്റിലായി. ഇയാൾ നാദാപുരം എസ്ഐയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കണ്ണൂരിൽ വെച്ചാണ് സമീമിനെ പിടികൂടിയത്. പോലീസിനെ കബളിപ്പിച്ച് മുങ്ങിയ സമീമിനെ പിന്തുടർന്ന് വിദഗ്ദമായി പിടികൂടുകയായിരുന്നു. അക്രമിസംഘത്തിലെ ഒരാളെന്ന് അവകാശപ്പെട്ടാണ് നാദാപുരം എസ് ഐ യെ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.


കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നെത്തിയ അക്രമി സംഘം കടമേരിയിൽ നടത്തിയ അക്രമത്തിൽ നാട്ടുകാർക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു. സംഭവത്തിൽ ഒരാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമി സംഘം സഞ്ചരിച്ച ഒരു വാഹനവും നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കടമേരി സ്വദേശിയുമായി ചില സാമ്പത്തിക ഇടപാടുള്ള കണ്ണൂരിലെ ഹാനിയെന്നയാളുടെ സംഘമാണ് അക്രമമുണ്ടാക്കിയത്. ഇയാളുടെ വാഹനം കടമേരി സ്വദേശി നാട്ടിലെത്തിച്ചിരുന്നു. ഇത് തിരികെ പിടിക്കാനാണ് സംഘം എത്തിയത്.


ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം എടുത്ത സ്ഥലത്തെത്തിക്കണമെന്നും ഭീഷണിയിലുണ്ട്. ഭീഷണി വീഡിയോ പുറത്തുവിട്ട ആളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭീഷണിയെ പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇരു സംഘങ്ങളുടെയും മറ്റ് ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.


'സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവന് ഭീഷണിയാണ്' - എന്നാണ് സമീം വീഡിയോയിൽ പറഞ്ഞത്. നാദാപുരംകാരും സൂക്ഷിക്കണമെന്ന് സമീം വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ ഇയാളെ പിടികൂടാൻ പൊലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. എന്നാൽ പലതവണ ഇയാൾ പൊലീസിനെ വെട്ടിച്ചുകടന്നു. ഒടുവിൽ കണ്ണൂരിൽനിന്നാണ് സമീമിനെ പൊലീസ് പിടികൂടിയത്.



Share this News Now:
  • Google+
Like(s): 4