05 April, 2020 12:18:00 AM


വിമാനത്തില്‍ കണ്ട സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി താമസിപ്പിച്ചയാൾക്ക് കോവിഡ്



കൊച്ചി: വിമാനത്തിൽവെച്ച് കണ്ട സുഹൃത്തിനെ വീട്ടിൽ താമസിപ്പിച്ചയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൊച്ചിയിലാണ് സംഭവം. കഴിഞ്ഞ മാർച്ച് 22ന് ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് വരുമ്പോഴാണ് പത്തനംതിട്ട സ്വദേശിയായ സുഹൃത്തിനെ കൊച്ചി സ്വദേശി കാണുന്നത്. സുഹൃത്തിന് ചെറിയ പനി ഉണ്ടെന്ന് പറഞ്ഞതോടെ അന്ന് കലൂരിലെ വീട്ടിൽ വിശ്രമിച്ച ശേഷം അടുത്ത ദിവസം പത്തനംതിട്ടയിലേക്ക് പോയാൽ മതിയെന്ന് ഉപദേശിച്ചു. സുഹൃത്തിന് കോവിഡ്  ബാധ ഉണ്ടെന്ന് അറിയാതെയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.


സുഹൃത്ത് പിറ്റേന്ന് പത്തനംതിട്ടയിലേക്ക് പോകുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കൊച്ചി സ്വദേശി വൈദ്യസഹായം തേടിയത്. ഇദ്ദേഹത്തിനും കൊറോണ വൈറസ് പോസിറ്റീവ് ആയ സാഹചര്യത്തിൽ വീട്ടുകാരും നിരീക്ഷണത്തിലാണ്. ഇവരുടെ വീടും പരിസര പ്രദേശങ്ങളും ഫയർ ഫോഴ്സ് അണുവിമുക്തമാക്കി. ഇവർ നെടുമ്പാശേരിയിൽ നിന്ന് കലൂരിലേക്ക് എത്തിയ ടാക്സിയുടെ ഡ്രൈവർ, പിറ്റേന്ന് പത്തനംതിട്ട സ്വദേശി യാത്ര ചെയ്ത വാഹനത്തിൻ്റെ ഡ്രൈവർ എന്നിവരും നിരീക്ഷണത്തിലാണ്.



Share this News Now:
  • Google+
Like(s): 274