14 March, 2020 09:29:16 AM


ദുബായിൽനിന്നെത്തിയ സിപിഎം നേതാവ് പാർട്ടി ഓഫീസ് സന്ദർശിച്ചു: ഏരിയ കമ്മിറ്റി യോഗം മാറ്റി



കൊട്ടാരക്കര: വിദേശത്തുനിന്നെത്തിയ സി.പി.എം. നേതാവിന്റെ പാർട്ടി ഏരിയ ഓഫീസ് സന്ദർശനത്തെത്തുടർന്ന് വെള്ളിയാഴ്ച നടത്താനിരുന്ന അടിയന്തര ഏരിയ കമ്മിറ്റി യോഗം മാറ്റിവെച്ചു. സി.പി.എം. നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗമാണ് വിദേശത്തുനിന്നെത്തിയിട്ടും കോറോണ മുൻകരുതൽ വകവയ്ക്കാതെ എഴുകോണിലെ പാർട്ടി ഓഫീസ് സന്ദർശിച്ചത്. മൂന്നുമാസം ദുബായിലായിരുന്ന നേതാവ് വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്.

വിദേശത്തുനിന്നെത്തുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം മറികടന്ന് അന്നു രാത്രിതന്നെ പാർട്ടി ഓഫീസിൽ എത്തുകയായിരുന്നു. വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകർ വെള്ളിയാഴ്ച രാവിലെ എഴുകോണിലെ പാർട്ടി ഓഫിസിലെത്തി. നേതാവ് എത്തിയപ്പോൾ ഓഫീസിലുണ്ടായിരുന്ന മൂന്നുപേരുടെ വിവരം ശേഖരിച്ചു.

എഴുകോൺ സഹകരണ ബാങ്കിലെ പ്രശ്നങ്ങളും നെടുവത്തൂർ പഞ്ചായത്തിൽ പാർട്ടി അംഗങ്ങൾ പരസ്പരം മത്സരിച്ച വിഷയവുംമറ്റും ചർച്ചചെയ്യാനാണ് വെള്ളിയാഴ്ച ഏരിയ കമ്മിറ്റി യോഗംചേരാനിരുന്നത്. വിദേശത്തുനിന്നെത്തിയ നേതാവിന്റെ സന്ദർശനവും ആരോഗ്യപ്രവർത്തകരുടെ വിവരശേഖരണവുമുണ്ടായതോടെ ഇനി ഇവിടെ യോഗം കൂടേണ്ടതില്ലെന്ന് മറ്റുള്ളവർ തീരുമാനിച്ചു.



Share this News Now:
  • Google+
Like(s): 213